കൊച്ചി: പ്രഥമ ബാസ്കറ്റ്ബോള്‍ ലീഗ് കേരളയുടെ (ബിഎല്‍കെ) പ്ലെയര്‍ ലേലം കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്നു.
സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ്, പൂനയിലെ എബിസി ബാസ്കറ്റ്ബോള്‍ ഡവലപ്മെന്റ് ലീഗ് എന്നിവയുമായി ചേര്‍ന്ന് കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ (കെബിഎ) പിന്തുണയോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
“ഈ വര്‍ഷം കുട്ടികള്‍ക്ക് ശമ്പളം നല്‍കുന്നില്ല. കളിക്കാര്‍ക്ക് പണം ലഭിക്കില്ല. എന്നാല്‍, ഒരു സാലറി ക്യാപ് ഉണ്ടായിരിക്കും”- ബിഎല്‍കെ സ്ഥാപകനും പ്രൊമോട്ടറുമായ ആര്. അനില്‍കുമാര്‍ പറഞ്ഞു.
ടൂര്‍ണമെന്റിലെ ആറ് ഫ്രാഞ്ചൈസികളായ തിരുവനന്തപുരം കാപ്പിറ്റല്‍സ്, കൊച്ചി സ്റ്റാലിയന്‍സ്, കാലിക്കട്ട് വാരിയേഴ്സ്, തൃശൂര്‍ ടസ്കേഴ്സ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോള്‍ഫിന്‍സ് എന്നിവ തമ്മില്‍ ലേലത്തില്‍ ശക്തമായ മത്സരമാണ് നടന്നത്. ടൂര്‍ണമെന്റ് ജൂണ്‍ നാലു മുതല്‍ 13വരെ കൊച്ചി കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.